Friday, December 23, 2011

തിരിച്ചറിവ്


നിന്‍റെ കണ്ണുകളിലെ പുഞ്ചിരിക്ക്  പിന്നിലെ
പുച്ഛം ഞാന്‍ കണ്ടിരുന്നില്ല
നിന്‍റെ പതുപതുത്ത കൈകള്‍
പരുക്കന്‍ ആണെന്ന  യാഥാര്‍ത്ഥ്യം
ഞാന്‍ അറിഞ്ഞിരുന്നില്ല.
നിന്‍റെ പാല്‍പ്പല്ലുകല്‍ക്കിടയിലെ 
കൂര്‍ത്ത ദ്രംഷ്ടകളും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
എല്ലാം അറിഞ്ഞപ്പോള്‍ 
നിന്‍റെ പരുക്കന്‍ കൈകള്‍ 
എന്‍റെ ഉടയാടകളെ കീറി മുറിച്ചിരുന്നു.
നിന്‍റെ ദ്രംഷ്ടകള്‍ എന്‍റെ ചുണ്ടുകളില്‍ 
വിള്ളലുകള്‍ വീഴ്ത്തിയിരുന്നു,
നിന്‍റെ പുച്ഛം 
വിജയിയുടെ അട്ടഹാസത്തിനു
വഴി മാറിയിരുന്നു....  

അന്നും ഇന്നും

കാലങ്ങള്‍ക്കപ്പുറം നാം പഴയ
മരംചുറ്റി  പ്രേമ കഥയിലെ
നാണം നിറഞ്ഞ പാത്രങ്ങള്‍... ....
ഇന്ന് വിരല്‍ തുമ്പിനാല്‍
വിശേഷങ്ങള്‍ പങ്കുവെക്കുന്ന
യോ യോ യുവത്വം .
അന്ന് നിന്‍റെ കണ്ണുകളില്‍  നിറഞ്ഞത്
തെളിഞ്ഞ സ്നേഹത്തിന്‍റെ ആത്മാര്‍ത്ഥത.
ഇന്ന് തുടുത്ത മാംസത്തിനായുള്ള കൊതി.
അന്ന് ഒരു മഞ്ഞ ചരടിനാല്‍ ,
എന്റെ ജീവിതം നീ ധന്യമാക്കി.
ഇന്ന് സ്വര്‍ണ ചങ്ങലയാല്‍ നിന്‍റെ അടിമയാക്കി .
അന്ന് നിന്‍റെ സ്നേഹത്തില്‍ അലിഞ്ഞ്
ആ പാദങ്ങളില്‍ വീണു ചുംബിച്ചു.
ഇന്ന് എന്റെ കഴുത്തിനെ പുണര്‍ന്ന
നിന്‍ കൈകളാല്‍  ഞാനലിഞ്ഞില്ലതായ്‌  .... 

Monday, December 12, 2011




           




 




എവിടെയോ വായിച്ചിരുന്നു , മറ്റാര്‍ക്കുമില്ലാത്ത 
തിളങ്ങുന്ന മഞ്ഞുതുള്ളിയെ  സ്വന്തമാക്കിയ 
അഹങ്കാരിയായ പനിനീര്‍ പൂവിന്‍റെ കഥ.
ശിക്ഷയെന്നോണം സൂര്യോദയത്തില്‍ നഷ്‌ടമായ 
ആ മഞ്ഞുതുള്ളിക്കായ്‌ ഇന്നും കണ്ണീരോടെ കാത്തിരിക്കുന്ന
 ആ പനിനീര്‍ പൂവ് ഞാനായിരുന്നോ ??? 

Thursday, December 08, 2011
















പറയേണ്ടത്  എന്താണെന്നറിയില്ല 
ഞാന്‍ പറയാതെ തന്നെ 
എല്ലാം നീ മനസ്സിലാക്കിയിരുന്നല്ലോ
അതുകൊണ്ടാവണം നമുക്കിടയില്‍ 
വാക്കുകള്‍ കുറവായിരുന്നു 
ഇപ്പോള്‍ ഒരായിരം വാക്കുകള്‍ നമുക്കിടയിലുണ്ട് 
പക്ഷെ 
അവയ്ക്കെല്ലാം അര്‍ത്ഥമില്ലാത്തത്‌ പോലെ 
അതോ ഈ വാക്കുകളുടെ അര്‍ത്ഥം 
മനസ്സിലാക്കാനാവാത്ത 
നമ്മുടെ മനസ്സുകള്‍ക്കാണോ കുഴപ്പം. . . ???? 

Thursday, December 01, 2011

















ഉണങ്ങി തുടങ്ങിയ എന്‍റെ മുറിവുകളില്‍
ചവിട്ടിയാണ് 
നീ നടന്നു നീങ്ങിയത്. . . 
ചൂട് രക്തം കാലുകളെ നനച്ചപ്പോഴെങ്കിലും 
നീ ഒന്ന് തിരിഞ്ഞു നോക്കും എന്ന് 
ഞാന്‍ കരുതി. . 
പക്ഷെ ,
കണ്ണുകള്‍ ഇറുക്കിയടച്ച് 
നീ നടന്നു നീങ്ങി 
ഇനി ഒരിക്കല്‍ കൂടി നീ തിരിച്ചു വരണം എന്ന് 
ഞാന്‍ ആഗ്രഹിക്കുന്നില്ല 
എങ്കിലും 
ഒരുനിമിഷത്തെക്കെങ്കിലും  നീ എന്നെ 
തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് 
 വെറുതെ കൊതിച്ചു പോവുന്നു 

             ............................................

Tuesday, October 25, 2011

  എന്നോ കൊഴിഞ്ഞുപോയ നിമിഷങ്ങള്‍. . .
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തവ...
 എല്ലാം വെറും ഓര്‍മ്മകള്‍ മാത്രം.... 



Wednesday, October 12, 2011

my fvrt lines

"നീ മരിച്ചാലും,ഞാന്‍ നിന്നെ സ്നേഹിക്കും
ഞാന്‍ മരിച്ചാലും ആ സ്നേഹം നിലനില്‍ക്കും"
                                                             - വിക്ടര്‍ ഹ്യുഗോ



"ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണ ഓരോ  പുറവും
നോക്കി വയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ  മറഞ്ഞു പോയി
എന്നെക്കുമെങ്കിലും
ചിത്രങ്ങളായ് കുറിമാനങ്ങളായ്‌
ചിലതെത്രയും ഭദ്രം"
                                     - ഓ ന്‍ വി



"ശോകമേ  ഹാ, തകര്‍ന്ന ഹൃദയത്തെ
ലോകതത്വം പഠിപ്പിപ്പു നീ സദാ"
                                       -ചങ്ങമ്പുഴ
                                       



"I LOVE YOU AS THE PLANT THAT NEVER BLOOMS
BUT CARRIES IN ITSELF THE LIGHT OF HIDDEN FLOWERS"
                                                          - PABLO NERUDA



"I LOVE YOU ONLY BECAUSE    IT'S YOU THE ONE I LOVE"
                                                                  - NERUDA



"തിരയാര്‍ന്ന, ശബ്ദമുഖരിതമായ 
ജീവിതത്തില്‍ ,
ഒരു വല്ലകിയുടെ നാദത്തെക്കാളും
സമുദ്രസംഗീതം 
നെഞ്ചില്‍ ഒളിപ്പിച്ചു 
കടല്‍ ശംഖിനെപ്പോലെ 
ഞാന്‍ 
നിന്റെതായിരിക്കുന്നു. . ."
                     -ഓസ്കാര്‍ വൈല്‍ഡ്‌ 




"ഒരുനാള്‍ ഉണര്‍ന്നപ്പോഴില്ല നീ 
ഇല്ല നീ ഇല്ലാതായ് നീ"
                              - ജി  കുമാരപ്പിള്ള 



ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കില്‍ 
ഇതള്‍ വിടരാത്ത പുഷ്പമായ് തീരണം 
വിജനഭൂവിലെങ്ങാനതില്‍ ജന്മം 
വിഫലമാക്കീട്ടു വിസ്മ്രിതമാവണം
                          - ഇടപ്പള്ളി 
                           











എന്തിനോ  കണ്ടു നാം
അറിയാതെയെങ്കിലും സ്നേഹിച്ചു
ഇന്നിതാ ഈ യാമത്തില്‍
യാത്ര ചൊല്ലി  നീ അകലുന്നു
മോഹങ്ങളും ദുഖങ്ങളും
മനസ്സിലടുക്കി
നിനക്ക് വിട നല്‍കവേ
അറിയുന്നു നാം പരസ്പരം...
നമ്മുടെ ഹൃദയങ്ങളെ...


  
       
       ഈ മഴ എന്നില്‍ നിന്‍റെ ഓര്‍മ്മകള്‍ നിറയ്ക്കുന്നു .
മഴയെ നിനക്കെന്നും ഇഷ്ടമായിരുന്നു . . .ഓരോ മഴതുള്ളിയെയും നീ സ്നേഹിച്ചിരുന്നു . മഴയെ നീ പ്രണയിച്ചിരുന്നു . നിന്നിലൂടെയാണ് ഞാന്‍ മഴയെ തിരിച്ചറിഞ്ഞത്. മഴയെ പ്രണയിച്ചു തുടങ്ങിയത് . . 
മഴയ്ക്ക്‌ ഒരു സംഗീതം ഉണ്ടെന്നു  എനിക്ക്  പറഞ്ഞു  തന്നത് നീ ആയിരുന്നു.  ആ സംഗീതത്തിനു മനസ്സിന്‍റെ മുറിവ്  ഉണക്കാന്‍ ആവുമെന്നും നീ ആണ് അറിയിച്ചത്.
           


          മഴയ്ക്കായ് നാമെന്നും ആഗ്രഹിച്ചിരുന്നു . പെയ്തൊഴിയുന്ന മഴതുള്ളികളിലൂടെ നടക്കാന്‍ നമ്മളേറെ  കൊതിച്ചിരുന്നു.മഴ എന്നും നമുക്കിടയിലുണ്ടായിരുന്നു . രാത്രിയുടെ ഇരുണ്ട യാമങ്ങളിലും നമ്മള്‍ സംസാരിച്ചത് ഏറെയും    മഴയെ കുറിച്ചായിരുന്നു . മഴ നമ്മുടെ പ്രിയ സുഹൃത്തായിരുന്നു. പിന്നെ എപ്പോഴാണ് മഴ നമുക്ക് നഷ്ടമായി തുടങ്ങിയത്?പതിയെ മഴ എങ്ങോ മറയുകയായിരുന്നു. നാംപോലും അറിയാതെ  അവള്‍  എവിടേക്കോ പോയി . തിരിച്ചു വിളിക്കാന്‍ ഏറെ കൊതിച്ചെങ്കിലും എന്തോ വാക്കുകള്‍ക്ക് അവളെ മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞില്ല .


         
            വീണ്ടും നീയാണ് മഴയെ എനിക്ക് തന്നത് . ഒരിക്കലും പെയ്തുതോരാത്ത ഒരു മഴ. പക്ഷെ ഇന്ന്   കൂട്ടിന്    നീയില്ല .  ഒറ്റയ്ക്ക്  ഈ മഴയെ നോക്കിയിരിക്കുമ്പോള്‍  ഹൃദയത്തിലെവിടെയോ  ഒരു  മഴപ്പെയ്ത്ത്  ഞാന്‍  അറിയുന്നു . അത്  നിന്‍റെ  സ്നേഹമാണോ അതോ   എന്‍റെ   നോവുകളോ?????
                                                 ..............................................................

Saturday, October 08, 2011

      



 മുറ്റത്ത് പന്തല്‍ മെല്ലെ ഉയരുകയായിരുന്നു. അകത്തെവിടെ നിന്നോ നേര്‍ത്ത രോദനങ്ങള്‍ കേള്‍ക്കാമായിരുന്നു. ആരോ വെളുത്ത തുണിയാല്‍ പൊതിഞ്ഞ ആ ശരീരം നാക്കിലയില്‍ കിടത്തി. ആരൊക്കെയോ ഒരു പെരുമഴയായ് പെയ്യാന്‍ തുടങ്ങി. ആരാണ് അകത്ത് ബോധം കേട്ട് വീണത് ? അവളുടെ അമ്മ ആയിരുന്നോ? 
ആയിരിക്കാം . . .
കൊണ്ടുപോവല്ലേ എന്നുറക്കെ നിലവിളിച്ചത് അവളുടെ അനിയത്തി ആയിരുന്നോ ?
അച്ഛന്‍ മാത്രം ഒന്നും മിണ്ടിയില്ല. അകലെ എവിടെയോ ഇരുന്ന് അവസാനമായ് ഒരുമ്മ പോലും കൊടുക്കാതെ ആ മനുഷ്യന്‍ അവളെ യാത്രയാക്കി. ചിതയിലെക്കെടുക്കാന്‍ നേരമാണ് അവന്‍ അവളെ ഒന്ന് നോക്കിയത്. 
ഇവള്‍ ആരായിരുന്നു ?
തന്‍റെ അനിയത്തി.... 
തന്‍റെ കുഞ്ഞു പെങ്ങള്‍... 
ആരാണ് ഈ  നിഷ്കളങ്കമായ മുഖം ഇങ്ങനെ വികൃതമാക്കിയത്..?
ആരാണ് ഈ ചുണ്ടുകള്‍ കടിച്ചുമുറിച്ചത്..?
കഴുത്തില്‍ കാണുന്ന ഈ നഖക്ഷതങ്ങള്‍ , അതാരുടെതാണ്..?
അടഞ്ഞ കണ്ണുകളിലുടെ അവള്‍ തന്നെ നോക്കുന്നതായ് അവനു തോന്നി. ആ നോട്ടത്തില്‍ താന്‍ പൊള്ളുന്നത് ആയി   അവനറിഞ്ഞു.
അവന്‍ തിരിഞ്ഞു നടന്നു. ആരൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ പിന്തിരിഞ്ഞു നോക്കിയില്ല.
വഴിയില്‍ ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അവന്‍ അതൊന്നും ശ്രദ്ധിച്ചില്ല.  അവന്‍ നടന്നു. അതോ ഓടുകയായിരുന്നോ ?
ആരോ തന്നെ പിറകോട്ട് വലിക്കുന്നതി അവനു തോന്നി . തന്‍റെ കാലുകള്‍ക്ക്  ചലിക്കാന്‍ ആവുന്നില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു. വലിച്ചു കീറപ്പെട്ട ഏതോ ഉടുതുണി തന്‍റെ കാലുകളെ ച്ചുട്ടിവരിഞ്ഞിരിക്കുന്നു . ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും തന്‍റെ കാലുകള്‍ കൂടുതല്‍ കുരുങ്ങുകയാണ് . 
മുഖത്തെ മുറിവില്‍ ഒരു നീറ്റല്‍ അവന് അനുഭവപ്പെട്ടു. 
അവന്‍ തന്‍റെ കൈകളിലേക്ക് നോക്കി . നഖങ്ങള്‍ക്കിടയില്‍ ആരുടെയോ രക്തക്കറ അവന്‍ കണ്ടു . 
"ഏട്ടാ....." എന്ന യാചന തന്‍റെ കാതുകളില്‍ അലയടിക്കുന്നതായ് അവന് തോന്നി.
ഒരു നിമിഷം അവന്‍ തന്‍റെ കണ്ണുകള്‍ അടച്ചു. മെല്ലെ അവന്‍ കണ്ണുകള്‍ തുറന്ന് മഞ്ഞു മൂടിയ മലനിരകളിലേക്ക് നോക്കി. 
അവന് ചിരിക്കണമെന്ന് തോന്നി.
വയനാടിന്‍റെ ആ കൊടും മഞ്ഞിലും അവന് തന്‍റെ ചിരി അടക്കാനായില്ല. 
അവന്‍ ചിരിച്ചു
ഉറക്കെ... ഉറക്കെയുറക്കെ...
പതിയെ അതോരലര്‍ച്ചയായി  മാറി.....         

Sunday, September 25, 2011

കാണാക്കാഴ്ചകള്‍ (?). .



പ്രിയ സുഹൃത്തെ.
ഒരു നിമിഷം
ഇത് മുരുകന്‍റെ കണ്ണട
അല്‍പനേരം നീയിതു വെക്കു
ഇനി നോക്കു
നീ കാണുന്നില്ലേ 
പതിനാറു തികഞ്ഞ ആ പെണ്‍കൊടിയെ
പകലവല്‍ അവന്‍റെ മകള്‍ 
ഇരവില്‍  അവന്‍റെ വിളനിലം .
കണ്ണിനെ തിരിച്ചു വിളിച്ചോളൂ 
അല്ലെങ്കില്‍ ഒരു രാത്രി നീയും 
വിലയ്ക്ക് വാങ്ങിയേക്കാം.

നിന്‍റെ മുന്നില്‍ കിടക്കുന്നത്
മാലിന്യങ്ങളല്ല,
വലിച്ചു കീറപ്പെട്ട
ഏതോ ഒരുവളുടെ ഉടയാടയാണ്
തട്ടിമാറ്റിക്കോളൂ 
ഇല്ലെങ്കില്‍ കാലില്‍ കുരുങ്ങും .

ഒന്ന് ചെവിയോര്‍ക്കു..
നിനക്കരോച്ചകമായ് തീരുന്ന ഈ ശബ്ദം 
ഒരമ്മയുടെ  രോദനമാണ്
വഴി കണ്ണുമായ് , നനഞ്ഞ മാറിടത്തോടെ
ഇരുട്ടില്‍ കാത്തിരിക്കുന്ന ഒരമ്മയുടെ നെടുവീര്‍പ്പുകള്‍ 
കാതു പോതിക്കോളൂ ,
ഇല്ലെങ്കില്‍ നിന്‍റെ കേള്‍വി നഷ്ടമായേക്കാം 

നിനക്ക് മുകളില്‍ പെയ്യുന്ന ഈ മഴ 
ഒരച്ചന്‍റെ കണ്ണീരാണ് 
ഏകനായ് പെയ്യുന്ന ഒരച്ചന്‍റെ വേദനയാണ് 
കുട ചൂടിക്കോളൂ 
ഇല്ലെങ്കില്‍ ഈ മഴയില്‍ നീ പൊള്ളിയേക്കാം

ദാ നോക്കു . . .
നമ്മുടെ തെരുവോരങ്ങള്‍ ചുവക്കുകയാണ് 
അഥവാ.., 
ചോര കൊണ്ട് നാമവയെ ചുവപ്പിക്കുകയാണ് 
അത് കാര്യമാക്കേണ്ട 
ചുവപ്പാണല്ലോ നിനക്കും പ്രിയം 

നമുക്ക് ആ വഴിയെ നടക്കാം 
ചിതറിയ  കൈകളും കാലുകളും കണ്ടേക്കാം  
അവയെ നോക്കണ്ട 
നേരെ നടന്നോളു
ഇനി ആ കണ്ണട ഊരിവചോളൂ 
നിന്‍റെ നിശാകൂട്ടങ്ങളിലേക്ക്  മടങ്ങിക്കോളൂ 
കോക്ടയിലുമായി നിന്‍റെ friends 
wait ചെയ്യുന്നുണ്ടാവാം 
പോയി അടിച്ചുപൊളിക്കുക 
തിരക്കില്‍ ആ കണ്ണട കളയണ്ട 
വിരല്‍ തുമ്പ് വേദനിക്കുമ്പോള്‍ 
വെറുതെ എടുത്തു വെക്കാം 
കാണാതെ പോവുന്ന (?)
ഈ കാഴ്ചകള്‍ കാണാം 

. . . . . . . . . . . . . . . . . . . . . . . 





Wednesday, August 31, 2011

ഏട്ടന്‍

     
നന്ദി ചൊല്ലുവാന്‍ 
ഇല്ല വാക്കുകള്‍ 
ഈ ജന്മം മറക്കാത്ത 
ഭാഗ്യമാണു നീ 
കൂടെപ്പിറക്കാതെ പോയെങ്കിലും  
കൂടപ്പിറപ്പാണ്  നീയെനിക്ക്
ഏട്ടനായ് നീയെന്‍  കൂടെ വേണം 
എന്നുമീ വീഥിയില്‍ വെട്ടമായി 
           ---------------

Tuesday, August 30, 2011

കാത്തിരിപ്പ്‌. . .




സ്നേഹ ഹസ്തമായി  വന്നവനായിരുന്നു നീ. 
പിന്നെ ഒരു കൈലേസായി നീ  മാറി.
എന്‍റെ ദുഖങ്ങളെല്ലാം   ദത്തെടുത്തു.നീ എന്നെ ചിരിക്കാന്‍ പഠിപ്പിച്ചു.
സ്നേഹം എന്താണെന്നും നീ  എന്നെ അറിയിച്ചു .
നിന്‍റെ മടിയില്‍ ഉറങ്ങുമ്പോള്‍ ഞാന്‍ മാലാഖമാരെ സ്വപ്നം കണ്ടു.
പതിയെ എന്‍റെ സ്നേഹമായി നീ മാറുകയായിരുന്നു. 
എന്‍റെ ഓര്‍മ്മയില്‍ നിന്‍റെ നിറമുള്ള ഓര്‍മ്മകള്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു 
കൗതുകത്തോടെ നീ മുറിച്ചുമാറ്റിയ നിന്‍റെ കൈ ഞരമ്പും 
അതില്‍ നിന്നും ഒഴുകിയ ചുവന്ന  ദ്രാവകവും എന്‍റെ സ്മരണയില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു.  ഭ്രാന്തിയില്‍ നിന്നും എന്നിലേക്ക്‌ നടത്താന്‍ ദൈവമയച്ച നിയോഗമായിരുന്നോ നീ ?
രക്തവര്‍ണമാര്‍ന്ന എന്‍റെ ആ കര്‍ചീഫ്‌ ഇന്നും ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു . നിന്റെ സ്നേഹത്തിന്‍റെ ഗന്ധം ഞാനതില്‍ അറിയുന്നു. നിന്നെ ഞാനതില്‍  കാണുന്നു.
എങ്കിലും തോഴാ അന്നുതൊട്ടിന്നുവരെ എന്‍റെ സ്വപ്നങ്ങളില്‍ ചെകുത്താന്മാരാന്  സ്ഥാനം പിടിച്ചിരിക്കുന്നത്.ഇവിടെ ഈ ഇരുമ്പഴികള്‍ക്കുള്ളില്‍ വല്ലാത്തൊരു ഏകാന്തത. മരുന്നുകള്‍ക്ക് പോലും ഉറക്കം തരാന്‍ ആവുന്നില്ല . ഈ ചങ്ങലകള്‍ എന്നെ നിന്‍റെ  അടുത്തേക്ക് വരാനും സമ്മതിക്കുന്നില്ല .
നീ ഒരിക്കല്‍ കൂടി വരണം.., 
എന്നെ ഒരിക്കല്‍ കൂടി ചിരിക്കാന്‍ പഠിപ്പിക്കാന്‍. . . .
.................

Monday, August 29, 2011

നിന്നോട്....



          ഇന്നലെയാണ് ഞാനെന്‍റെ പഴയ ടയറികള്‍ വായിച്ചു നോക്കിയത്. നടന്നു വന്ന വഴികള്‍ ഒന്നുകൂടെ ഓര്‍മ്മിപ്പിക്കുന്നവയാണല്ലോ ടയറികള്‍.
കുറുകെ വരച്ചിട്ട ഒരുപാടു വരകള്‍. .  പിന്നെ അതില്‍ അക്ഷരങ്ങള്‍ നിറയാന്‍ തുടങ്ങിയത്  നിന്നെ കണ്ടത് മുതലായിരുന്നു , നിന്‍റെ സ്നേഹം എന്നെ തഴുകാന്‍ തുടങ്ങിയത് മുതലായിരുന്നു.
കൈകോര്‍ത്ത് പിടിച്ച്  ആ കാണുന്ന  നടപ്പാതയിലൂടെ നാം ഏറെ നടന്നിരുന്നു. കൂര്‍ത്ത ദൃഷ്ടി മുനകളുമായ് ചില മാന്യന്മാര്‍ അന്നൊക്കെ  നമ്മളെ നോക്കി നിന്നിരുന്നു.  ഞാന്‍ ചിന്തിച്ചിട്ടുണ്ട് , ശ്വാസം കഴിക്കാന്‍ പോലും നേരമില്ലാതെ ഓടുന്ന ഇവര്‍ക്ക്  എങ്ങനെയാണു ഈ കഥകളൊക്കെ ഉണ്ടാക്കാന്‍ കഴിഞ്ഞത്. . .?
എല്ലാം പഴയത് പോലെ തന്നെയാണെന്ന് ആ കഥകള്‍ കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. നീ പറയാറുള്ളതായിരുന്നു ശരി. . നമ്മുടെ ചിന്തകള്‍ ഇന്നും പഴഞ്ചന്‍ തന്നെ .
നീ ഓര്‍ക്കുന്നുണ്ടോ , നമ്മുടെ ആ കടല്‍തീരം? ഓര്‍ക്കുന്നുണ്ടാവും. . മറക്കാന്‍ നിനക്കാവില്ലാലോ. .
നീ ഇല്ലാതെ ഇന്നലെ വീണ്ടും ഞാന്‍ അവിടേക്ക് പോയി, സൂര്യാസ്തമനം കാണാന്‍. പതിവ് പോലെ നല്ല തിരക്കായിരുന്നു. നമ്മള്‍ എന്നും പൂ വാങ്ങാറുള്ള ആ പെണ്‍കുട്ടിയില്ലേ , അവള്‍ നിന്നെ അന്വേഷിച്ചിരുന്നു.
പിന്നെ. . . . .,
ഓ. . . ഈ കാവല്‍ക്കാരന്‍ വല്ലാതെ ബഹളമുണ്ടാക്കുന്നു. അയാള്‍ക്ക് ഈ ഗേറ്റ് പൂട്ടണമെന്ന്. പൂട്ടിക്കോട്ടേ. ., അല്ലെ? അകലെ അയാളെയും കാത്ത് ആരൊക്കെയോ ഇരിക്കുന്നുണ്ട്..  എന്തിനാണ് നമ്മളവരെ വെറുതെ വേദനിപ്പിക്കുന്നത്? ആരെയും വേദനിപ്പിക്കാന്‍ നമുക്ക് ഇഷ്ടമല്ലാലോ. . .
പ്രിയ സുഹൃത്തെ. . ,
ഞാന്‍
പോവുകയാണ്. നിന്‍റെ പ്രിയപ്പെട്ട വെളുത്ത പുഷ്പങ്ങളുമായ് ഞാന്‍ ഇനിയും വരം. അതുവരെ നീ ഉറങ്ങിക്കോളു. . 
അല്ലെങ്കിലും നിനക്ക് ഞാനും എനിക്ക് നീയും മാത്രമല്ലെ ഉള്ളൂ വിളിച്ചുണര്‍ത്താന്‍. . . 
ഞാന്‍  പോവുകയാണ് , ഇനിയും വരാം, ഇന്ന് പറയാതെ ബാക്കി വച്ചവ നമുക്ക് അന്ന് പറയാം. 
. . . . . . . . . . . . . . . 

       ഒടുവില്‍ നീയും പോവുകയാണ് . . .
 ഒന്നും പറയാതെ. .  
ഇവിടെ വീണ്ടും ഞാന്‍ തനിച്ചാവുകയാണ്‌. . . .
തിരിച്ചു വരില്ലെന്നറിയാം. . എന്നിട്ടും ,
ഈ തണലില്‍ ഞാന്‍ നിനക്കായ്‌ കാത്തിരിക്കുന്നു. .
ഒരിക്കലും മടങ്ങി വരില്ലെന്നറിഞ്ഞിട്ടും  ഞാന്‍
നിന്നെ സ്നേഹിക്കുന്നു . .
..............................................................................................

Sunday, August 28, 2011

നഷ്ട പ്രണയം. . .



    ഫോണില്‍  മെസ്സേജ് കണ്ടപ്പോഴാണ് ഇന്ന് valentines  day  ആണെന്നറിഞ്ഞത്.  കോഫി ഹൗസില്‍ വല്ലാത്ത തിരക്കായിരുന്നു. അവിടാകെ പ്രണയത്തിന്‍റെ സൗരഭ്യം നിറഞ്ഞിരുന്നു. അത് വല്ലാതെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി. 
അവിടെ  നിന്നും വേഗം ഇറങ്ങി. ഹോസ്റ്റെലിലേക്കുള്ള യാത്രയിലാണ് നിന്നെ ഓര്‍ത്തത്.
 പ്രണയം. . .  
 അതെന്താണെന്ന്  നീ ആയിരുന്നു എന്നെ അറിയിച്ചത് 
പ്രണയം വേദനയാണെന്ന തിരിച്ചറിവും നീയാണ് എനിക്ക്  സമ്മാനിച്ചത്. 
നീ ഓര്‍ക്കുന്നുണ്ടോ നമ്മുടെ ആദ്യത്തെ valentines day ?
അന്ന് നീ  എനിക്ക് തന്ന ആ ചുവന്ന പനിനീര്‍ പൂവ് നാം പിരിഞ്ഞിട്ടും ഞാന്‍ സൂക്ഷിച്ചു . എന്തിനായിരുന്നെന്നറിയില്ല. . ,
 അതിന്‍റെ ഭംഗിയും സുഗന്ധവും ഇല്ലാതായിട്ടും ഏതോ ഒരു കോണില്‍ ഞാനത് കാത്തുവച്ചു.
ഇന്നലെയാണ് ഞാനത് എടുത്തു കളഞ്ഞത്. 
ദ്രവിച്ചു തീരാന്‍ അതിലിനിയൊന്നും ബാക്കിയുണ്ടായിരുന്നില്ല . . . .
. . . . . . .

ഓര്‍മ്മ















ഒടുവില്‍  എല്ലാം 
ഓര്‍മ്മകളാവുകയാണ് . . .
നിന്‍റെ ക്ലാസ്സ്‌ മുറികളും 
ഇടനാഴികളും 
പൊട്ടിച്ചിരികളും 
സൗഹൃദങ്ങളും
പ്രണയം നിറഞ്ഞിരുന്ന ആ കണ്ണുകളും
എല്ലാം. . . ഓര്‍മ്മകളായിത്തീരുകയാണ് . . .
ഒറ്റയ്ക്കിരിക്കുമ്പോള്‍ ,
ഒരു ചെറു പുഞ്ചിരിയായ്‌ അതോ 
നേര്‍ത്ത മിഴിനീരായാണോ 
ഈ ഓര്‍മ്മകള്‍ എന്നില്‍ നിറയുക. . .?

പ്രാര്‍ത്ഥന. .



കണ്ണുനീരില്‍ നിന്നുള്ള  നിന്നുള്ള  
ചെറിയൊരു ഇടവേള മാത്രമാണ് 
ഈ പുഞ്ചിരിയെങ്കില്‍ . . .,
എന്‍റെ ദൈവമേ. .,
എനിക്കിത് വേണ്ട.
ഒരു പൂവിന്‍റെ ആയുസ്സ്  മാത്രമേ 
ഈ സന്തോഷത്തിനുള്ളുവെങ്കില്‍
സര്‍വേശ്വരാ 
നീ ഇതെന്നില്‍ നിന്നും തിരിച്ചെടുത്തോളു . . .
പകരം നീ  എനിക്കെന്‍റെ 
പഴയ ദുഃഖങ്ങള്‍  തിരിച്ചു തന്നേക്കു. . .
ഞാനവയോടൊപ്പം ജീവിക്കാം. .
ഒരിക്കലും ഉണങ്ങാത്തൊരു   മുറിവ്
സമ്മാനിക്കാനാണ് നീ ഒരുങ്ങുന്നതെങ്കില്‍ 
വേണ്ട. . .
ഇനിയുമോഴുക്കാന്‍ എന്‍റെ കണ്ണില്‍ 
കണ്ണുനീര്‍  ബാക്കിയില്ല . . .
          ..........................

Saturday, August 27, 2011

നീ . . .



ഈ ചുവന്ന പട്ടായ് 
നിന്‍റെ സ്നേഹം 
എന്നെ പൊതിയുന്നു . . .
നിന്‍റെ കണ്ണുകളില്‍ 
എന്നിലെ നന്മകള്‍ 
ഞാന്‍ തിരിച്ചറിയുന്നു. . .
നിന്‍റെ ഓര്‍മ്മകള്‍ എന്നെ
വിരഹമെന്താണെന്ന്
പഠിപ്പിക്കുന്നു. . . 

സ്നേഹം. . .



ഞാന്‍  സ്നേഹമാണ് തേടുന്നത്. . 
അതെ. . , 
കറ കളഞ്ഞ,
നിഷ്കളങ്കമായ . .,
വാത്സല്യം തുളുമ്പുന്ന 
ഒരമ്മയുടെ സ്നേഹം. . .

Thursday, August 25, 2011

ഞാനും നീയും



ഞാന്‍ ഏകാന്തതയെ  ആയിരുന്നു 
ഇഷ്ടപ്പെട്ടത് . . . .,
നീ വെറുത്തത്  
എന്‍റെ ഏകാന്തതയേയും . . 
ഞാന്‍ കറുപ്പിനെ ആയിരുന്നു
സ്നേഹിച്ചത് . . .,
നീ വെളുപ്പിനെയും . . 
ഞാന്‍ രാത്രിയെ ആയിരുന്നു
ആരാധിച്ചത് . . .,
നീ പകലിനെയും . .
നീ വേനലിനായ് മോഹിച്ചപ്പോള്‍ 
ഞാന്‍ മഴയ്ക്കായ്‌ കൊതിച്ചു . .
ഞാന്‍ വേദനകളുമായ്‌ കൂട്ടുകൂടിയപ്പോള്‍ 
നീ സന്തോഷങ്ങളുമായി കൈകോര്‍ത്തു. .
എന്നിട്ടും എങ്ങനെയാണ്
നമ്മള്‍ പരസ്പരം പ്രണയിച്ചത് ??? 

Thursday, August 04, 2011

??????




എന്തിനാണ്  ബാല്യം നിഷ്കളങ്കമായത്...?
ബാല്യത്തിന്‍റെ നിഷ്കളങ്കതയെ 
 ഞാന്‍  വെറുക്കുന്നു.
ബാല്യം ഇത്രയും നിഷ്കളങ്കമല്ലായിരുന്നെങ്കില്‍
അഞ്ചു വയസ്സുള്ള ആ കുഞ്ഞു 
പിചിചീന്തപ്പെടില്ലായിരുന്നല്ലോ...??

kavitha. . .


                 .................

നിന്‍റെ ഓരോ നോക്കും  
എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. . .
ഓരോ തവണ നിന്നോട് സംസാരിക്കുമ്പോഴും 
എന്‍റെ ഹൃദയം മുറിഞ്ഞു 
ചോര ഒഴുകിക്കൊണ്ടെയിരിക്കുന്നു..
എന്നിട്ടും എന്താണ് എനിക്ക്
നിന്നെ വെറുക്കാന്‍ ആവാത്തത്. . . . .??? 

Saturday, July 30, 2011

പ്രതീക്ഷ. . . . .

  

ഒരിക്കലും അടുക്കില്ലെന്നറിയാം
എങ്കിലും. . ..,
 ഞാന്‍ നിന്നെ സ്നേഹിച്ചോട്ടെ . . . .?
ഞാന്‍ എന്‍റെ വേദനകള്‍ മറക്കുന്നത് 
നിന്നെ സ്നേഹിക്കുമ്പോഴാണ്. . .
ആഗ്രഹിക്കാന്‍ അര്‍ഹതയില്ലെന്ന്
എനിക്കറിയാം . . .
പക്ഷെ . . .,
എന്തെങ്കിലും ആഗ്രഹിക്കേണ്ടേ . . .?  
ആശയാണ് നിരാശയ്ക്ക് കാരണമെന്ന്
ബുദ്ദന്‍ പറഞ്ഞു . . .
ആഗ്രഹങ്ങളില്ലാത്ത മനുഷ്യന്‍ 
ഒറ്റപ്പെട്ട തുരുത്ത് പോലെയാണെന്ന് 
വേറേതോ മഹാനും 
ഏത് വിശ്വസിക്കണം എന്നറിയില്ല. .
ഒന്ന് മാത്രം ഞാനറിയുന്നു. . .
ഞാന്‍ ഇന്നും ജീവിക്കുന്നത് 
നീ എന്റെതാകുമെന്ന  പ്രതീക്ഷയിലാണ് . . . 

. . . . . . .

????
എങ്ങനെയാണു ഈ ലോകത്തിനു 
എന്‍റെ ഹൃദയം തുറന്നു കാണിക്കേണ്ടത്..? 
വാക്കുകള്‍ ഇപ്പോള്‍ മൂല്യം നഷ്‌ടമായ 
നാണയങ്ങളെ പോലെ ആയിരിക്കുന്നു.
എല്ലാവരുടെ കയ്യിലും ധാരാളം 
പക്ഷെ ആര്‍ക്കും വേണ്ട.
വാക്കുകള്‍ക്ക് വികാരങ്ങളെ  പണ്ടെന്നപോലെ 
ഇന്ന് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ലാലോ....?
പിന്നെ ഞാനെന്തിനു 
നിങ്ങളോട് സംസാരിക്കണം ...?

Wednesday, July 27, 2011

തിരിച്ചറിവുകള്‍...

     

പഴയ ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ ഉലയ്ച്ചപ്പോഴാണ്  അവള്‍ വീണ്ടും അവിടേക്ക് പോവാന്‍ തീരുമാനിച്ചത്.ഉച്ച തിരിഞ്ഞ മൂന്നു മണി ആയിരുന്നു എത്തുമ്പോള്‍. ഒരുപാട് മാറി.., എങ്കിലും ആ സിമെന്റ് ബെഞ്ചുകള്‍ ഇപ്പോഴും അതുപോലെ തന്നെ. 
കൂട്ടുകാരോടൊപ്പം എത്ര ഇടവേളകളാണ് താനിവിടെ ചിലവഴിചിട്ടുള്ളത്...?
അവളോര്‍ത്തു.
ആ പൊട്ടിച്ചിരികള്‍ അവള്‍ക്ക് കേള്‍ക്കാമായിരുന്നു.കണ്ണടച്ചിരുന്നു ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപരിചിതമായ ഒരു ശബ്ദം അവളെ പേര് ചൊല്ലി വിളിച്ചത്. ഒരു ചെറു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട മുഖം പരിചയമുള്ളത് തന്നെ ആയിരുന്നു.
"ആകാശ്....!?"
അവള്‍ വിളിച്ചു. ആ വിളിയില്‍ സംശയവും കലര്‍ന്നിരുന്നു.
അതെ എന്നാ അര്‍ത്ഥത്തില്‍ അവന്‍ അവളോട ചിരിച്ചു. പിന്നെ അവള്‍ക്കഭിമുഖമായി ഇരുന്നു. അവന്‍ അവളോടോ അവള്‍ അവനോടോ മുന്‍പൊരിക്കലും സംസാരിച്ചിരുന്നില്ല. പക്ഷെ അന്ന് അവര്‍ക്ക് എന്തുകൊണ്ടോ പരസ്പരം സംസാരിക്കണം എന്ന് തോന്നി. എന്നിട്ടും മൗനം അവര്‍ക്കിടയില്‍ നിറഞ്ഞു നിന്നു. പതിയെ അവനായിരുന്നു തുടങ്ങിയത്, വിശേഷങ്ങള്‍ ചോദിച് . 
കോടതിയില്‍ നിന്നും കിട്ടിയ divorce ആയിരുന്നു ഏറ്റവും പുതിയ വിശേഷം..
എന്തായിരുന്നു കാരണം എന്ന് അവന്‍ ചോദിച്ചില്ല. അത് നന്നായെന്നു അവള്‍ക്കും തോന്നി. തിരിച്ചങ്ങോട്ടു വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ പിണങ്ങിപ്പോയ ഭാര്യയെ കുറിച്ചായിരുന്നു അവന്‍റെ മറുപടി. പാവം എന്ന് മനസ്സില്‍ തോന്നിയില്ല.. അതില്‍ അവനു വിഷമമുണ്ടെന്നും.
വീണ്ടും അകലങ്ങളിലേക്ക്‌ നോക്കി ഇരിക്കുമ്പോഴായിരുന്നു അവന്‍ ചോദിച്ചത്.
"നിനക്കെന്നെ  സ്നേഹിക്കാമായിരുന്നില്ലേ...?"
കേള്‍ക്കാന്‍ പാടില്ലാത്ത എന്തോ കേട്ട ഞെട്ടലോടെ അവന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍  നഷ്ടബോധത്തിന്റെ ഇളകിമറിയുന്ന ആഴക്കടല്‍ അവള്‍ അവന്‍റെ കണ്ണുകളില്‍ കണ്ടു.
"നീ അറിയാതെ എത്ര ഇടവേളകളില്‍ ഞാന്‍ നിന്നെ നോക്കി നിന്നിട്ടുണ്ടെന്ന് നിനക്കറിയാമോ..?"
അവന്‍ ചോദിച്ചു. അതില്‍ നിരാശയുടെ നൊമ്പരം അവള്‍ക്കനുഭവപ്പെട്ടു.
"നീ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല?"
അവള്‍ ചോദിച്ചു.
"പേടിയായിരുന്നു.. നീ എന്നില്‍ നിന്നും അകലുമോ എന്ന്."
അവന്‍ പറഞ്ഞു.
ഒരു നിമിഷം അവള്‍ നിശബ്ദയായി. ഇല്ല .., തന്‍റെ ഓര്‍മ്മകളിലെവിടെയും   ഇവനുണ്ടയിരുന്നില്ല. അവിടെ തന്‍റെ കൂടുകാര്‍ മാത്രമായിരുന്നു..
"എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം നീ ആയിരുന്നു. എന്നും നീ മാത്രമായിരിക്കുകയും  ചെയ്യും."
അവന്‍ പറഞ്ഞു.
10 വര്‍ഷം കൂടെക്കഴിഞ്ഞവനില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച വാക്ക്... പക്ഷെ അദ്ദേഹത്തിന് ബിസിനെസ്സിന്റെ തിരക്കുകലോഴിന്ജ് മറ്റൊന്നിനും നേരമില്ലായിരുന്നു. ഇന്ന് താനൊരിക്കലും അറിയാന്‍ ശ്രമിക്കാതിരുന്നവനില്‍ നിന്നും   ഈ വാക്കുകള്‍ കേള്‍ക്കുന്നു....
എന്തിനായിരുന്നു ഇവന്‍ തന്നെ നിശബ്ദമായി പ്രണയിച്ചത്...?
"അപ്പോള്‍ തന്‍റെ വിവാഹം..?"
അവള്‍ ചോദിച്ചു
"വിവാഹത്തിന് പ്രണയം വേണമെന്നുണ്ടോ..?"
അവന്‍ മറുചോദ്യം ചോദിച്ചു.
ശരിയാണ്. വിവാഹത്തിന് പ്രണയം വേണ്ട. അങ്ങനെ ആയിരുന്നെങ്കില്‍ തന്‍റെ വിവാഹ ജീവിതം ഇത്രയും വര്‍ഷം നീണ്ടു നില്‍ക്കില്ലായിരുന്നല്ലോ...?
ഒറ്റയ്ക്കിരിക്കാന്‍ മോഹിച്ചായിരുന്നു അവള്‍ അവിടെ വന്നത്. പക്ഷെ അവന്‍റെ സാമിപ്യം    അവളെ അലോസരപ്പെടുത്തിയില്ല. താന്‍  ഇത്രനാളും കാത്തിരുന്നത് ഈ സാമിപ്യത്തിനു ആയിരുന്നെന്നു  അവള്‍ക്ക് തോന്നി.
അപ്പോഴായിരുന്നു അവളുടെ ഫോണ്‍ ring ചെയ്തത്. എടുത്തു നോക്കിയപ്പോള്‍ അത് ഉണ്ണിയായിരുന്നു.
"അമ്മ എപ്പോ വരും?"
അവന്‍ ചോദിച്ചു.
ഉടനെ വരാം എന്ന് പറഞ്ഞ അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. അവനു നേരെ തിരിഞ്ഞു അവള്‍ പറഞ്ഞു.
"മകനാണ്, ഉണ്ണി.  8വയസ്സായിരിക്കുന്നു. എപ്പോ വരുമെന്ന് ചോദിക്കാന്‍ വിളിച്ചതാണ്."
"സമയമായെങ്കില്‍ പൊയ്ക്കോള്.."  
അവന്‍ പറഞ്ഞു.
"ഇനിയും വിധി ഉണ്ടെങ്കില്‍ കാണാം.."
അവള്‍ അവനോട് യാത്ര  പറഞ്ഞിറങ്ങി.
വൈകുന്നേരമായതിനാല്‍ ബസ്സില്‍ വലിയൊരു തിരക്ക് അവള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഭാഗ്യത്തിന് സീറ്റ്‌ കിട്ടി. തന്‍റെ മനസ്സിന്‍റെ വിങ്ങല്‍ അവള്‍ അറിയുന്നുണ്ടായിരുന്നു. അവളുടെ മുന്നില്‍ അവന്‍റെ മുഖം തെളിഞ്ഞു. വേദന ചാലിച്ച നിഷ്കളങ്കമായ ആ കണ്ണുകളില്‍ അവള്‍ സ്നേഹം കണ്ടു. താന്‍  തിരിച്ചറിയാതെ പോയ സ്നേഹം.
അവള്‍ കണ്ണുകള്‍ അടച്ചു. 
ദൂരെ  അസ്തമയ  സൂര്യന്‍  തന്‍റെ കിരണങ്ങളെ തിരമാലകളില്‍ ഒളിപ്പിക്കുകയായിരുന്നു...... 


kavitha

നീ  എനിക്ക് ആരായിരുന്നെന്ന്
എനിക്കറിയില്ല ,
ഇന്നും ഈ മഴ പോലെ ..
നിന്‍റെ മൗനവും പുഞ്ചിരിയും അട്ടഹാസങ്ങളും 
ഞാന്‍ എന്റേതെന്നു  കരുതി..
അന്ന് നാലുകെട്ടിന്റെ മുറ്റത്ത്  നിന്നും 
മഴയെ അറിഞ്ഞ അതേ കൗതുകത്തോടെ
ഞാനിന്നലെ നിന്നെ അറിഞ്ഞു..
ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നു.
നിന്നിലൂടെ ഞാനേറെ സ്നേഹിച്ച 
എന്റെ ഈ മഴയേയും......