മുറ്റത്ത് പന്തല്‍ മെല്ലെ ഉയരുകയായിരുന്നു. അകത്തെവിടെ നിന്നോ നേര്‍ത്ത രോദനങ്ങള്‍ കേള്‍ക്കാമായിരുന്നു. ആരോ വെളുത്ത തുണിയാല്‍ പൊതിഞ്ഞ ആ ശരീരം നാക്കിലയില്‍ കിടത്തി. ആരൊക്കെയോ ഒരു പെരുമഴയായ് പെയ്യാന്‍ തുടങ്ങി. ആരാണ് അകത്ത് ബോധം കേട്ട് വീണത് ? അവളുടെ അമ്മ ആയിരുന്നോ?
ആയിരിക്കാം . . .
കൊണ്ടുപോവല്ലേ എന്നുറക്കെ നിലവിളിച്ചത് അവളുടെ അനിയത്തി ആയിരുന്നോ ?
അച്ഛന്‍ മാത്രം ഒന്നും മിണ്ടിയില്ല. അകലെ എവിടെയോ ഇരുന്ന് അവസാനമായ് ഒരുമ്മ പോലും കൊടുക്കാതെ ആ മനുഷ്യന്‍ അവളെ യാത്രയാക്കി. ചിതയിലെക്കെടുക്കാന്‍ നേരമാണ് അവന്‍ അവളെ ഒന്ന് നോക്കിയത്.
ഇവള്‍ ആരായിരുന്നു ?
തന്‍റെ അനിയത്തി....
തന്‍റെ കുഞ്ഞു പെങ്ങള്‍...
ആരാണ് ഈ നിഷ്കളങ്കമായ മുഖം ഇങ്ങനെ വികൃതമാക്കിയത്..?
ആരാണ് ഈ ചുണ്ടുകള്‍ കടിച്ചുമുറിച്ചത്..?
കഴുത്തില്‍ കാണുന്ന ഈ നഖക്ഷതങ്ങള്‍ , അതാരുടെതാണ്..?
അടഞ്ഞ കണ്ണുകളിലുടെ അവള്‍ തന്നെ നോക്കുന്നതായ് അവനു തോന്നി. ആ നോട്ടത്തില്‍ താന്‍ പൊള്ളുന്നത് ആയി അവനറിഞ്ഞു.
അവന്‍ തിരിഞ്ഞു നടന്നു. ആരൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ പിന്തിരിഞ്ഞു നോക്കിയില്ല.
വഴിയില്‍ ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അവന്‍ അതൊന്നും ശ്രദ്ധിച്ചില്ല. അവന്‍ നടന്നു. അതോ ഓടുകയായിരുന്നോ ?
ആരോ തന്നെ പിറകോട്ട് വലിക്കുന്നതി അവനു തോന്നി . തന്‍റെ കാലുകള്‍ക്ക് ചലിക്കാന്‍ ആവുന്നില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു. വലിച്ചു കീറപ്പെട്ട ഏതോ ഉടുതുണി തന്‍റെ കാലുകളെ ച്ചുട്ടിവരിഞ്ഞിരിക്കുന്നു . ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും തന്‍റെ കാലുകള്‍ കൂടുതല്‍ കുരുങ്ങുകയാണ് .
മുഖത്തെ മുറിവില്‍ ഒരു നീറ്റല്‍ അവന് അനുഭവപ്പെട്ടു.
അവന്‍ തന്‍റെ കൈകളിലേക്ക് നോക്കി . നഖങ്ങള്‍ക്കിടയില്‍ ആരുടെയോ രക്തക്കറ അവന്‍ കണ്ടു .
"ഏട്ടാ....." എന്ന യാചന തന്‍റെ കാതുകളില്‍ അലയടിക്കുന്നതായ് അവന് തോന്നി.
ഒരു നിമിഷം അവന്‍ തന്‍റെ കണ്ണുകള്‍ അടച്ചു. മെല്ലെ അവന്‍ കണ്ണുകള്‍ തുറന്ന് മഞ്ഞു മൂടിയ മലനിരകളിലേക്ക് നോക്കി.
അവന് ചിരിക്കണമെന്ന് തോന്നി.
വയനാടിന്‍റെ ആ കൊടും മഞ്ഞിലും അവന് തന്‍റെ ചിരി അടക്കാനായില്ല.
അവന്‍ ചിരിച്ചു
ഉറക്കെ... ഉറക്കെയുറക്കെ...
പതിയെ അതോരലര്‍ച്ചയായി മാറി.....
No comments:
Post a Comment